സാനുമാഷിന്റെ സമ്പൂർണ കൃതികൾ

ലോകത്തിന്‍റെ പുരോഗമന മനസ്സിനൊപ്പം സാനുമാഷ് സഞ്ചാരം തുടങ്ങിയിട്ട് അഞ്ച് ദശാബ്ദക്കാലം പിന്നിട്ടിരിക്കുന്നു. മഹാപകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിത്തുടങ്ങിയ സാനുമാഷ്, 2021 ൽ ‘കുന്തി’ എന്ന നോവലും എഴുതി പൂർത്തിയാക്കിയിരിക്കുന്നു.

ഈ കാലയളവിൽ പുസ്തകങ്ങളും ലേഖനങ്ങളും അടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന കൃതികൾ! ശ്രീനാരായണ ഗുരു മുതൽ ചങ്ങമ്പുഴ വരെയുള്ളവരുടെ ജീവിതകഥകൾ; നാടകം, നോവൽ, കഥ, കവിത, പ്രസംഗം എന്നീ സാഹിത്യ-കലാരൂപങ്ങളുടെ സൗന്ദര്യദർശനം;  സാഹിത്യ വിമർശനം; അനുഭവക്കുറിപ്പുകൾ;  മാഷിന്റേതായ ബാലസാഹിത്യരചനകളും കഥകളും നോവലും; പരിഭാഷകൾ;  പത്രാധിപർ, പൊതുപ്രവർത്തകൻ എന്നീ നിലകളിലുള്ള സാമൂഹ്യ ഇടപെടലുകൾ – ഇങ്ങനെ വൈവിധ്യമാർന്ന എഴുത്തിന്‍റെ ആ പ്രപഞ്ചം, നവോത്ഥാനത്തിന്‍റെയും അദ്ധ്വാനസൗന്ദര്യത്തിന്‍റെയും പുരോഗമന ചിന്തകളുടെയും സ്വതന്ത്ര കാഴ്ചപ്പാടുകളുടെയും പരിണാമചരിത്രത്തിന്‍റെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണ്. കാലത്തിന്‍റെ നേർക്ക് പിടിച്ച കണ്ണാടിയാണ് !

വായനക്കാർക്കും ഗവേഷകർക്കും എഴുത്തുകാര്‍ക്കുമെല്ലാം മാഷിന്‍റെ രചനകള്‍ ഇനി ഒന്നിച്ച് ലഭ്യമാകാൻ പോകുകയാണ് – ‘സാനുമാഷിന്‍റെ സമ്പൂർണ കൃതികള്‍’ പ്രസിദ്ധീകരിക്കപ്പെടുന്നതിലൂടെ. സാനുമാഷടക്കം നാല് തലമുറയാണ് ഈ ദൗത്യത്തിന്‍റെ വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. ‘സമൂഹ്’ സഹകരണ പ്രസ്ഥാനമാണ് സാനുമാഷിന്‍റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കുന്നത്. സാനുമാഷിന്‍റെ ശിഷ്യൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ എന്നീ തലങ്ങളിൽ ആദരണീയനായ പ്രൊഫ: തോമസ് മാത്യു ആണ് സമ്പൂർണ കൃതികളുടെ ജനറൽ എഡിറ്റർ.

12 വാല്യങ്ങൾ /10347 പേജ് /ഹാർഡ് ബൗണ്ട് /മുഖവില :14790 രൂപ /പ്രസാധനം :ഓഗസ്റ്റ് 2023

ഗുരുപൂര്‍ണിമയുടെ വെണ്ണിലാവ് പരത്തുന്ന ഈ അമൂല്യ ശേഖരം സ്വന്തമാക്കാന്‍ സഹൃദയരെ സാദരം ക്ഷണിക്കുന്നു.